തൃപ്പൂണിത്തുറ: വളർത്തുനായയുടെ കടിയേറ്റുണ്ടായ പേവിഷബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശി മരിച്ചു.
എരൂർ പോസ്റ്റോഫീസിനു സമീപം വാടകയ്ക്കു താമസിക്കുന്ന ഉപേന്ദ്രനാണു(42) മരിച്ചത്. എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ ആറോടെയായിരുന്നു മരണം.
കഴിഞ്ഞയാഴ്ചയാണ് ഉപേന്ദ്രനെ നായ കടിച്ചത്. തുടർന്ന് ഒരു കുത്തിവയ്പ് എടുത്തിരുന്നു. കുറച്ചു ദിവസങ്ങൾക്കുശേഷം നായയ്ക്ക് പേയുടെ ലക്ഷണങ്ങൾ കണ്ടതോടെ ഇതിനെ കൊന്നു. കഴിഞ്ഞദിവസം ഉപേന്ദ്രൻ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് സമീപത്തെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി.
പേവിഷബാധയുടെ സംശയം തോന്നിയ ഇവർ ജനറൽ ആശുപത്രിയിലേക്ക് എത്തിക്കാൻ നിർദേശിച്ചു. ഇവിടെനിന്നു പിന്നീട് ഗവ.മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.